കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് രണ്ടാം വാർഡിൽ കപ്പാട് പന്നിവളർത്തൽ കേന്ദ്രത്തോടനുബന്ധിച്ചുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലും സമീപത്തുകൂടി ഒഴുകുന്ന ചിറ്റാർ പുഴയുടെ കൈത്തോട്ടിലും കക്കൂസ് മാലിന്യങ്ങൾ തള്ളി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത്. ഈ പ്രദേശത്ത് താമസിക്കുന്ന അന്പതോളം വരുന്ന കുടുംബങ്ങൾ കുളിക്കാനും തുണി അലക്കാനും ഉപയോഗിക്കുന്ന കൈത്തോടാണ് ഇത്. പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
കക്കൂസ് മാലിന്യം തള്ളിയതിന്റെ സമീപ പ്രദേശത്താണ് കേന്ദ്രസർക്കാരിന്റെ പന്നി പ്രജനന കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പന്നികളിൽ ആഫ്രിക്കൻ സ്വൈൻ പനി കണ്ടെത്തിയതിനെ തുടർന്ന് ഫാമിലെ ഇരുനൂറോളം വരുന്ന മുഴുവൻ പന്നികളെയും കൊന്നു കുഴിച്ചു മൂടിയിരുന്നു. ഈ പ്രദേശത്തു തന്നെയാണ് ഒരാൾ എച്ച് വൺ എൻ വൺ രോഗം പിടിപെട്ട് മരണമടഞ്ഞത്.
ഗുരുതര പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനിടെ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് ജനങ്ങളിൽ ആശങ്കയുളവാക്കിയിരിക്കുകയാണ്. കക്കൂസ് മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നു രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പ്രിൻസ് തോട്ടത്തിൽ, പ്രദേശവാസികളായ ജോബി ആട്ടപ്പാട്ട്, ജോജി ആട്ടപ്പാട്ട്, കുഞ്ഞ് തോട്ടത്തിൽ, ജോസ്, പ്രവീൺ ചാക്കോ, സിബി വണ്ടിപ്പുര, അഖിൽ സിബി, ജോമോൾ ജോബി, റാണി ജോജി എന്നിവർ ആവശ്യപ്പെട്ടു.